തിരുവനന്തപുരം∙ വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളിൽ 4 യുവാക്കൾക്ക ദാരുണാന്ത്യം. ഉള്ളൂരിലും വേളിയിലുമാണ് അപകടമുണ്ടായത്. ഉള്ളൂർ ആക്കുളം റോഡിൽ പ്രശാന്ത് നഗർ റോഡിന് സമീപം ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. ആക്കുളം ഭാഗത്ത് നിന്നു ഉള്ളൂരിലേക്ക് വന്ന ബൈക്കിൽ എതിർ ഭാഗത്ത് നിന്ന് വന്ന കാറിടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചത്. അഴിക്കോട് കുറുങ്ങോട് ആലമുക്ക് സർജ്ജു മൻസിലിൽ മുഹമ്മദ് ഫവാസ് (23), അഴിക്കോട് മണ്ടക്കുഴി തെറ്റിയോടുമുകൾ വീട്ടിൽ മുഹമ്മദ് ഫൈസി (21) എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഫവാസ് കരകുളം കെൽട്രോൺ ജംക്‌ഷനിലെ മൊബൈൽ ഷോപ്പിലും ഫൈസി അഴീക്കോടിലെ കോഴിക്കടയിലുമാണ് ജോലി ചെയ്തിരുന്നത്
വേളിയിലും വ്യാഴാഴ്ച പുലർച്ചെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി അബ്ബാസ് (20), പൂന്തുറ സ്വദേശി ശഫാത്ത് (26) എന്നിവരാണ് മരിച്ചത്. ഓൾസെയ്ന്റ്സ് ഭാഗത്തുനിന്ന് വേളിയിലേക്കു പോയ ബൈക്കിൽ എതിർഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ യുവാക്കളെ വലിയതുറ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങൾ പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ കബറടക്കി.
