തൃശ്ശൂർ കേച്ചേരി-അക്കിക്കാവ് ബൈപാസിലെ പന്നിത്തടം കവലയിൽ മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്.
ഇരുവാഹനങ്ങളും ഇടിച്ചയുടൻ മറിഞ്ഞു. ബസ്സിലുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കില്ല.
വെള്ളിയാഴ്ച പുലർച്ചെ 5.10-നാണ് അപകടം നടന്നത്. ബൈപ്പാസിലൂടെ എത്തിയ ബസ്സും വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
എരുമപ്പെട്ടി പോലീസും കുന്നംകുളം അഗ്‌നിരക്ഷാ സേനയും ചേർന്ന് വാഹനങ്ങൾ മാറ്റി. റോഡിൽ ഒഴുകിയ ഓയിൽ കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ബൈപാസ് നവീകരണത്തിന് ശേഷം സിഗ്‌നൽ സ്ഥാപിച്ചിട്ടും ദിവസവും ഇവിടെ അപകടം ഉണ്ടാകുന്നുണ്ട്.
