തിരുവനന്തപുരം :കുറ്റിച്ചൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ശംഭുതാങ്ങി സ്വദേശി സജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുറ്റിച്ചൽ ജംഗ്ഷന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അമിതവേഗതയിലെത്തിയ ടിപ്പർ ലോറി സജി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ബൈക്ക് ടിപ്പറിന്റെ അടിയിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട ടിപ്പറിന്റെ ടയർ സജിയുടെ വലതുകാലിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സമീപത്തെ പാറ ക്വാറിയിലേക്ക് പോവുകയായിരുന്നു ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ഈ റോഡിലൂടെ ടിപ്പർ ലോറികൾ അമിതവേഗതയിൽ സ്ഥിരമായി സഞ്ചരിക്കാറുണ്ടെന്നും ഇത് കാൽനടയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും വലിയ ഭീഷണിയാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചു.
