വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

 


മലപ്പുറം തിരൂര്‍ പാറവണ്ണയിൽ വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം . സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്‍റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടനെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാള്‍ എടുത്ത ദൃശ്യവും പുറത്തുവന്നു. മോഡിഫൈ ചെയ്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്. തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കാര്‍ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംവിഡി ഉദ്യോഗസ്ഥൻ കാറിന്‍റെ വശത്തായിരുന്നതിനാലാണ് അപകടത്തിൽപെടാതെ രക്ഷപ്പെട്ടത്.



Post a Comment

Previous Post Next Post