കൊല്ലം: മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഹരികൃഷ്ണൻ (18) അന്തരിച്ചു. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ഹരി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കുന്നത്തൂർ ഐവർകാല സ്വദേശി ജയസേനൻ-രജനി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തിരുവാഭരണ ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ ആക്രമിക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ച് മടങ്ങാൻ ശ്രമിച്ച ഹരിയെയും സഹോദരനെയും സംഘം വീണ്ടും വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചു. തടിക്കഷണം കൊണ്ടുള്ള അടിയേറ്റാണ് ഹരികൃഷ്ണന് മസ്തിഷ്ക മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ശാരീരിക വെല്ലുവിളികൾ നേരിടുന്ന നിർദ്ധനരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയാണ് ഈ അക്രമത്തിലൂടെ ഇല്ലാതായത്.
