തൃശൂർ: എരുമപ്പെട്ടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധിക മരിച്ചു. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി (84)യാണ് ഇന്ന് വൈകുന്നേരം ആറുമണിയോടെ സ്വന്തം വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്.
വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്ത് കയറിയ തെരുവുനായ കട്ടിലിൽ കിടന്നിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കാർത്ത്യായനിയുടെ മാനസിക പ്രശ്നങ്ങളുള്ള മകൻ ദേവദാസനെയും (60) നായ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവദാസന്റെ ശരീരമാകെ നായ കടിച്ച് പരിക്കേറ്റ നിലയിലാണ്.
വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാർത്ത്യായനി മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഓടിപ്പോയ നായയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ജനവാസ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.
