തബൂക്ക്: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചൂരക്കായ് ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ എന്ന മാനുപ്പ (34) ആണ് മരിച്ചത്. തബൂക്കിലെ ഷിഫയിൽ ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയായിരുന്നു. അപകടം സംഭവിച്ചത്.
തബൂക്കിലെ ബ്രോസ്റ്റ് അതയബ് താസജ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഹുസൈൻ. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സമീപത്തെ കടയിൽ പോയി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു പോയ ഹുസൈനെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിലാണ് ഇപ്പോൾ മൃതദേഹമുള്ളത്. നാലു വർഷത്തോളം റിയാദിൽ ജോലി ചെയ്തിരുന്ന ഹുസൈൻ ഒന്നര വർഷം മുമ്പാണ് തബൂക്കിൽ പുതിയ ജോലിയിൽ ചേർന്നത്. പിതാവ് മരിച്ചതറിഞ്ഞ് നാട്ടിൽ പോയ ഹുസൈൻ ആറു മാസം മുമ്പാണ് അവധി കഴിഞ്ഞ് തബൂക്കിൽ തിരിച്ചെത്തിയത്.
അപകട വിവരമറിഞ്ഞ് റിയാദിലുള്ള സഹോദരൻ ബഷീർ തബൂക്കിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കമ്പനി അധികൃതരും തബൂക്കിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. പരേതനായ കളത്തിങ്ങൽ ഹംസ - ആച്ചുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ തസ്‌നീം. സഹോദരങ്ങൾ: ശിഹാബ്, ഫിർദൗസ്, അഷ്‌റഫ്, ബഷീർ, ഹസൈൻ, അബൂബക്കർ, ഷബീർ, റസീന
