തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നെയ്യാർ ഡാം റിസർവോയറിൽ ചാടി കാണാതായ നേമം സ്വദേശിനി ശരണ്യയുടെ (32) മൃതദേഹം കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
സാധാരണ സഞ്ചാരിയെപ്പോലെ ടിക്കറ്റെടുത്ത് അണക്കെട്ടിനുള്ളിൽ പ്രവേശിച്ച ശരണ്യ റിസർവോയറിന് സമീപത്തേക്ക് നീങ്ങുകയായിരുന്നു. അണക്കെട്ടിന്റെ കൈവരിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടറും, മൊബൈൽ ഫോണും, പേഴ്സും, ഒരു ജോഡി ചെരിപ്പുകളുമാണ് വലിയൊരു ദുരന്തത്തിന്റെ സൂചന നൽകിയത്.
സംഭവമറിഞ്ഞ ഉടൻ തന്നെ നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും ഇറിഗേഷൻ വിഭാഗവും ഇന്നലെ രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഒടുവിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
