മസ്കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. മരിച്ച ഷംല ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ്.
യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽപ്പെട്ട് കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തുടരുകയാണ്.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് യാത്ര പോയപ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു എന്നാണ് വിവരം. നാല് കുട്ടികൾ ഉൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
