ദുബൈ : ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായ പരിക്കറ്റ് ചികിത്സയിലിരിക്കെ മലയാളി പ്രവാസി മരിച്ചു. പാലക്കാട് സ്വദേശി സിജോ ജോണി (40) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ദുബെ മുഹൈസിന ഭാഗത്ത് മദീന മാളിന് സമീപം ഇ-സ്‌കൂട്ടറിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഉച്ചക്ക് 1.45 ഓടെ ഇ-സ്കൂട്ടറിൽ ഫ്ലാറ്റിന് സമീപമുള്ള സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടമെന്നാണ് ബന്ധു നൽകിയ വിവരം. ഏറെ നേരം കഴിഞ്ഞും ഭർത്താവിനെ കാണാത്തതിനെ തുടർന്ന് ഭാര്യ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല.
വൈകിട്ട് ദുബൈ റാശിദ് ആശുപത്രിയിലെ നഴ്‌സിൽ നിന്നാണ് ഇദ്ദേഹത്തിന് അപകടം സംഭവിച്ച് ആശുപത്രിയിൽ അഡ്‌മിറ്റായ വിവരം ലഭിക്കുന്നത്.
അപകടത്തിൽ തലക്കേറ്റ ഗുരുതര പരിക്ക് മൂലം ഞായറാഴ്‌ച വൈകിട്ട് 6.45 ഓടെയാണ് മരണം സംഭവിക്കുന്നത്. കഴിഞ്ഞ 12 വർഷമായി ദുബൈയിൽ പ്രവാസിയാണ് സിജോ ജോണി. ദുബൈയിലെ ഷിപ്പ്‌യാർഡ് കമ്പനിയിൽ ഫോർമാനായിരുന്നു. ദുബൈയിൽ സ്കൂൾ അധ്യാപികയാണ് ഭാര്യ. എട്ട് വയസ്സുള്ള ഒരു മകളുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാ നമെങ്കിലും നടപടികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. 2024 ഫെബ്രുവരിയിൽ തൃശൂരിൽ നടന്ന വാഹനാപകടത്തിൽ സിജോയുടെ സഹോദരിയും അധ്യാപികയുമായിരുന്ന സോണിയ ജോണിയും മരണപ്പെട്ടിരുന്നു.
ഇതിൻറെ ആഘാതം വിട്ടുമാറുന്നതിനിടെയാണ് മറ്റൊരു ദുരന്തം കുടുംബത്തെ തേടിയെത്തിയത്.
