തിരുവനന്തപുരം നെയ്യാറ്റിൻകര: വീടിന് സമീപത്തെ കുളത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശികളായ സുരേഷ് - സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘ (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
അനഘയുടെ പിതാവ് സുരേഷ് വിദേശത്താണ്. അമ്മയും സഹോദരിയും മാത്രമാണ് വീട്ടിൽ ഒപ്പമുണ്ടായിരുന്നത്. എന്നാൽ സംഭവദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയി തിരിച്ചെത്തിയ വീട്ടുകാർ അനഘയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കുളക്കടവിൽ കുട്ടിയുടെ ചെരിപ്പുകൾ കണ്ടെത്തിയത്.
തുടർന്ന് സംശയം തോന്നി നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി കുളത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. വൈകാതെ തന്നെ മൃതദേഹം കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു.
നിലവിൽ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മാരായമുട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
