കോഴിക്കോട്: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
പയ്യോളി ബീച്ച് സ്വദേശി പ്രമോദ് ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6.40-ഓടെയായിരുന്നു അപകടം നടന്നത്.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.
റെയിൽവേ ഗേറ്റിന് സമീപം വെച്ച് ട്രെയിനിടിച്ച പ്രമോദിന്റെ മൃതദേഹം മീറ്ററുകളോളം ദൂരേക്ക് വലിച്ചിഴക്കപ്പെടുകയും റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തായി വീഴുകയുമായിരുന്നു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു.
പോലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി ട്രാക്കിൽ നിന്നും മൃതദേഹം മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
