വയനാട് : മൈസൂരുവിന് സമീപം ബന്നൂരിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് കാര്യമ്പാടി സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാൻ്റെ മകൻ ഷബ്‌നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയായിരുന്നു ഷബ്നാസ്.
കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയതിനിടെ ബന്നൂരിലെ വെള്ളക്കെട്ടിൽ ഷബ്നാസിനെ കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇന്നാണ് മൃതദേഹം കണ്ടെത്താനായത്.
പ്രശസ്തമായ 'തുർക്കി ജീവൻ രക്ഷാസമിതി' അംഗങ്ങളാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളക്കെട്ടിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൈസൂരുവിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.
കാര്യമ്പാടിയിലെ സജീവ സാന്നിധ്യമായിരുന്ന ഷബ്നാസിന്റെ വിയോഗം നാടിന് വലിയ നോവായി മാറിയിരിക്കുകയാണ്.
