പാലക്കാട് മണ്ണാർക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന യുവാവ് മുങ്ങിമരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അനസ് (20) ആണ് മരണപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ടോടെയായിരുന്നു അപകടം സംഭവിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം തടയണയിൽ കുളിക്കാനിറങ്ങിയ അനസ് അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് അനസിനെ ഉടൻ തന്നെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
