മലപ്പുറം ആതവനാട് വെട്ടിച്ചിറയിൽ ടോൾ പ്ലാസയിൽ തൂണിൽ തട്ടി ബസ് യാത്രക്കാരിയുടെ കൈ അറ്റു; സംഭവത്തിൽ കൂടെയുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനും പരിക്കേറ്റു
എറണാകുളം മൂവാറ്റുപുഴ സ്വദേശികളായ ആരിഫ (19), ബന്ധു ഹാഷിം(2) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്നും വയനാട്ടിലേക്ക് ടൂറിസ് ബസിൽ പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ആരിഫയുടെ സഹോദരിയുടെ വിവാഹം ഉറപ്പിക്കുന്നതിനു മുന്നോടിയായി വയനാടുള്ള വരന്റെ വീട് കാണുന്നതുമായി ബന്ധപ്പെട്ട യാത്രയിൽ ആയിരുന്നു സംഘം. യുവതിയുടെ ഇടത്തെ കൈക്കാണ് പരിക്ക്. ഇവരുടെ തോളിന് തൊട്ട് താഴെ വച്ച് കൈ മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഹാഷിമിന്റെ കൈപത്തിക്കാണ് പരിക്ക്. ഇരുവരെയും ആദ്യം കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട് മിംസ് അശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കാടാമ്പുഴ പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.
വെട്ടിച്ചിറ ടോൾ പ്ലാസ എത്തുന്നതിന് തൊട്ടു മുമ്പായി സ്ഥാപിച്ച തൂണിലാണ് യുവതിയുടെയും കുഞ്ഞിന്റെയും കൈകൾ തട്ടിയത്. ഈ തൂൺ അശാസ്ത്രീയമായാണ് സ്ഥാപിച്ചതെന്ന ആക്ഷേപം നേരത്തെ തന്നെ നിലനിന്നിരുന്നു. ഒരു മാസം മുമ്പ് മറ്റൊരു വാഹനം തട്ടിയതിനെ തുടർന്ന് ഈ തൂൺ ചെരിയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് പിന്നീട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ പൂർണ്ണമായും പരിഹരിച്ചിരുന്നില്ല. കൂടാതെ, വലിയ വാഹനങ്ങൾക്ക് കടന്ന് പോകാനായി ആദ്യ വരി മാറ്റി വച്ചിരുന്നെങ്കിലും വാഹനങ്ങൾ കൃത്യമായി തിരിച്ചു വിടാൻ ഇവിടെ ജീവനക്കാർ ഇല്ലായിരുന്നു. ഇടത്തരവും ചെറുതുമായ വാഹനങ്ങൾ കടന്നുപോകുന്ന ട്രാക്കിലൂടെ ടൂറിസ്റ്റ് ബസ് പോകുന്നതിനിടെയാണ് ഇന്ന് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലും ബസ് യാത്രികർക്ക് പരിക്കേൽക്കുന്ന സംഭവം വെട്ടിച്ചിറ ടോൾപ്ലാസയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്ന് അപകടം സംഭവിച്ചതിനെ തുടർന്ന് ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആസാദും പഞ്ചായത്ത് അംഗങ്ങളും സ്ഥലം സന്ദർശിച്ചു.
ടോൾ പ്ലാസയിൽ ഫുട്പാത്ത് ഇല്ല എന്ന് തുടങ്ങി പല അസൗകര്യങ്ങളും നിലവിലുണ്ടെന്നും പല ജീവനക്കാരുടെ പെരുമാറ്റവും മോശമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ജനകീയ പ്രക്ഷോഭം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
