കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്



​കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും വീണ്ടും ഭീഷണിയാകുന്നു. പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജിന് താഴെ കരുവന്തുരുത്തി - മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ആർക്കും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.


ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെയുള്ള വീതികുറഞ്ഞ റോഡിലൂടെ അമിതവേഗതയിൽ വന്ന ബസ്, പാലത്തിന്റെ കോൺക്രീറ്റ് ഘടനയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ മുകൾതട്ട് തകർന്നു.


മറ്റൊരു ബസുമായി സമയം തെറ്റിച്ചുള്ള മത്സരയോട്ടമാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഈ ഭാഗത്ത് സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും പതിവാണെന്നും ഇതിനുമുമ്പും സമാനമായ രീതിയിൽ ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി.


വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും നിറഞ്ഞ സമയത്തായിരുന്നു അപകടം. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ നഗരത്തിൽ തുടരുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Post a Comment

Previous Post Next Post