ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ മലയാളി യുവതിയെ ട്രെക്കിംഗിനിടെ കാണാതായി. കൊച്ചിയിൽ നിന്നുള്ള ശരണ്യ ജി.എസ് (36) എന്ന യുവതിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഐടി പ്രൊഫഷണലായ ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്.
ഏപ്രിൽ 2ന് രാവിലെ 8:15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്‌റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്‌നൽ നഷ്ടപ്പെട്ടു. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചിൽ നടത്തുന്നത്.
