കണ്ണൂർ മട്ടന്നൂര്‍ കാരയിലെ ക്ഷേത്രോത്സവത്തിനിടെ പ്രസാദ സദ്യ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.
കാര പുതിയേടത്ത് മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് പ്രസാദസദ്യ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായത്. 300ലധികം പേരാണ് കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തില്‍ ആറിന് സദ്യ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സദ്യയിലെ പച്ചടിയില്‍ നിന്നാണ് വിഷബാധയെന്നാണ് സംശയം. സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കം, പനി, തലവേദന എന്നീ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി.
ഏഴിന് ഉച്ച മുതലാണ് ആളുകള്‍ വ്യാപകമായി ആശുപത്രികളില്‍ ചികിത്സ തേടി എത്തിത്തുടങ്ങിയത്. നിരവധി പേര്‍ ഇപ്പോഴും കണ്ണൂരിലെയും മട്ടന്നൂരിലെയും ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ട് ഏഴോടെ പൊറോറ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
