തൃശൂർ: മദ്യപാനത്തിനിടെ സുഹൃത്തിന്റെ മർദനമേറ്റ് പ്രവാസി കൊല്ലപ്പെട്ടു. വെങ്ങിണിശ്ശേരി സ്വദേശി തേറാട്ടില്‍ വീട്ടില്‍ രാജു ജോർജ് (52) ആണ് കൊല്ലപ്പെട്ടത്.
വ്യാഴം പുലർച്ചെ രണ്ടോടെ രാജുവിന്റെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. ദുബായിലെ കമ്പനിയില്‍ ഇലക്‌ട്രീഷ്യനായ രാജു കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്.
രാജുവും പ്രിന്റോ ഫ്രാൻസിസും മറ്റ് നാല് സുഹൃത്തുക്കളും ചേർന്ന് രാജുവിന്റെ വീടിന് പുറകിലിരുന്ന് മദ്യപിക്കുകയായിരുന്നു. നാല് സുഹൃത്തുക്കള്‍ പോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.
മദ്യലഹരിക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്ത് വച്ച് മരിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: സിജി. മക്കള്‍: ഹെല്‍ന റോസ്, എല്‍ന മറിയ.
