കോഴിക്കോട്: നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിൽ നിന്നും വീണ് കോഴിക്കോട് ജില്ലയിലെ കായക്കൊടിയിൽ യുവാവിന് ദാരുണാന്ത്യം. കായക്കൊടി കോവുക്കുന്നു സ്വദേശി ചെറിയ കടുക്കാന്ത്ര ഷാജി (46) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ മുട്ടുനടയിൽ യു.വി. ഹമീദിന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.
ജോലിക്കിടെ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ കണ്ണന്റെയും ശാരദയുടെയും മകനാണ് ഷാജി. കായക്കൊടി മാവേലി സ്റ്റോർ ജീവനക്കാരി ദിവ്യയാണ് ഭാര്യ. മക്കൾ: ശിവനന്ദ, ധ്യാൻ കൃഷ്ണ (ഇരുവരും വിദ്യാർത്ഥികൾ).
