മയ്യിൽ (കണ്ണൂർ): റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി പാഞ്ഞുകയറി നാല് വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ മയ്യിലിനടുത്ത് പാവന്നൂർ കടവിൽ ഇന്നലെ രാത്രി 8.20-ഓടെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്.
പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി.കെ. സാജിദിൻ്റെയും എ.കെ. മൈമൂനത്തിൻ്റെയും മകൾ തഷ്രീഫ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാജിദിനെയും മൈമൂനത്തിനെയും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പാവന്നൂർ എ.എൽ.പി സ്കൂൾ ഭാഗത്ത് നിന്ന് വന്ന KL 59 4847 നമ്പർ മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ സ്കൂട്ടർ നിർത്തി സംസാരിക്കുകയായിരുന്ന കുടുംബത്തിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് പാവന്നൂർ കടവ് മദ്‌റസയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കം നടത്തും. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
