​കുറുവങ്ങാട് വീണ്ടും സ്കൂട്ടർ അപകടം; യാത്രികന് പരിക്ക്, ​മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച അതേ സ്ഥലത്ത് വീണ്ടും അപകടം


കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഭാഗത്ത് വീണ്ടും സ്കൂട്ടർ അപകടം. ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ ഇരുമ്പ് തൂണിലിടിച്ച് സമീപത്തെ ഓവുചാലിലേക്ക് വീണത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.


കഴിഞ്ഞ മാർച്ച് മാസത്തിൽ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ദാരുണ മരണത്തിന് ഇടയാക്കിയ അതേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. കുറുവങ്ങാട് അക്വഡക്ടിന് സമീപം അന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലും മതിലിലും ഇടിച്ച് ഓവുചാലിലേക്ക് മറിയുകയായിരുന്നു. ഉള്ളേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ മൂന്ന് പേരാണ് അന്ന് മരണപ്പെട്ടത്.


തുടർച്ചയായി ഒരേ സ്ഥലത്തുണ്ടാകുന്ന അപകടങ്ങൾ പ്രദേശവാസികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. റോഡിലെ സുരക്ഷാ കുറവാണോ അതോ മറ്റ് സാങ്കേതിക പ്രശ്നങ്ങളാണോ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അധികൃതർ പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

Previous Post Next Post