നിലമ്പൂർ: നിലമ്പൂർ വടപുറം സ്വദേശിയെ കരിമ്പുഴയുടെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടപുറം സ്വദേശിയും നിലമ്പൂരിലെ മിൽമ ബൂത്ത് ജീവനക്കാരനുമായ മുസ്തഫയാണ് മരിച്ചത്. മുട്ടിക്കടവ് പനമണ്ണ ഭാഗത്തെ പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുഴയോരത്ത് മീൻ പിടിച്ചുകൊണ്ടിരുന്ന പരിസരവാസിയാണ് മുസ്തഫ പുഴയോരത്ത്കിടക്കുന്നത് കണ്ട് വിവരമറിയിച്ചത്. വിവരമറിഞ്ഞ് നിലമ്പൂർ, എടക്കര പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരണകാരണം വ്യക്തമല്ലെങ്കിലും, എന്തോ കണ്ട് ഭയന്നോടിയതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
