കോഴിക്കോട്: കൊടിയത്തൂരിൽ ജനവാസ മേഖലയിൽ പട്ടാപകൽ കുറുനരിയുടെ ആക്രമണം. വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പന്ത്രണ്ടുകാരനെ കുറുനരി കടിച്ചുകീറി. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ കാലിനാണ് കടിയേറ്റത്.
ചെറുവാടി പള്ളിയിലെ വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം ജസ്മൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ജനവാസ മേഖലയിൽ വെച്ച് അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കുറുനരി കുട്ടിയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ ജസ്മലിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിയിട്ടുണ്ടെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജനവാസ മേഖലയിൽ പട്ടാപകൽ കുറുനരി ഇറങ്ങി കുട്ടിയെ ആക്രമിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം വല്ലാതെ വർധിച്ചുവരികയാണെന്നും, അധികൃതർ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
