കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കുക.വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. ശക്തമായ കാറ്റുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യുന്നതും നിൽക്കുന്നതും ഒഴിവാക്കുക.കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
