ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ സ്കൂട്ടറും മിനി പിക്കപ്പ് വാനും ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു



പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി പാതയിൽ ആനമങ്ങാട് കൃഷ്ണപ്പടി വളവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

മിനി പിക്കപ്പ് വാൻ ഇരുചക്ര വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. മണലായ മങ്ങാടൻപറമ്പത്ത് ശിവാനന്ദന്റെ മകൻ ആദിത്യനാണ് മരിച്ചത്.

ആനമങ്ങാട് കൃഷ്ണപ്പടി വളവിന് സമീപം സ്കൂട്ടറും മിനി പിക്കപ്പ് വാനും ഇടിച്ചുണ്ടായ അപകടത്തിലാണ് ആദിത്യൻ മരിച്ചത്. അമിതവേഗതയിലായിരുന്ന പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആനമങ്ങാട് ചുറ്റിയാലിൽ അനിലിന്റെ മകൻ അശ്വന്തിനും പരിക്കേറ്റു.

അശ്വന്തും ആദിത്യനും സ്കൂട്ടറിൽ പെരിന്തൽമണ്ണയിലേക്ക് പോകുമ്പോൾ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരും മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദിത്യൻ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. തെറ്റായ ദിശയിലും അമിത വേഗതയിലുമാണ് പിക്കപ്പ് വാൻ ഓടിച്ചിരുന്നത്.

അപകടങ്ങൾ ഒഴിവാക്കാൻ ആനമങ്ങാട് വിളക്കത്ര വളവും കൃഷ്ണപ്പടി വളവും നിവർത്തി പുതിയ റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. മുൻപും ഈ ഭാഗത്ത് നിരവധി വാഹനാപകടങ്ങളും മരണവും സംഭവിച്ചിട്ടുണ്ട്. ഈ ഭാഗത്തെത്തിയാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനടയാത്രക്കാർക്ക് പോലും അപകടഭീഷണി നിലനിൽക്കുന്ന സ്ഥിതിയാണ്

Post a Comment

Previous Post Next Post