തൃശ്ശൂർ കുന്നംകുളം: കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൂമ്പുഴ പാലത്തിന് സമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒന്നോടെയുണ്ടായ അപകടത്തിൽ കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ മുഹൈമിൻ (യുവാവ്) മരണപ്പെട്ടു.
അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. കാലടിയിൽ നിന്നുള്ള വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർമാരായ സാലസ് (65), ജയിൻ ട്രീസ (62), ജോസിറ്റ (66), ടെസ്നി (53) എന്നിവർക്കും വാഹനത്തിന്റെ ഡ്രൈവർ സെക്കീർ (50) എന്നിവർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കൂടാതെ, മറ്റേ കാറിലുണ്ടായിരുന്ന മുഫളിൽ, ബാസിത്ത്, മജീദ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്നയുടനെ കേച്ചേരി ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകരും ആക്ട്സ് ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
