ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. കെട്ടിടം പൂർണ്ണമായും നിലംപൊത്തിയെങ്കിലും, അപകടസമയത്ത് തൊഴിലാളികൾ ആരും സ്ഥലത്തില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാമ്പനാർ സ്വദേശി ആഗ്നൽ എന്നയാളുടേതാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. കെട്ടിട നിർമ്മാണത്തിലുണ്ടായ അപാകതകളോ അല്ലെങ്കിൽ ബലക്ഷയമോ ആണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് അധികൃതരെത്തി പരിശോധന നടത്തി വരികയാണ്. നിർമ്മാണത്തിൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
