കോഴിക്കോട്: കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നൽകി. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റും കടലാക്രമണ സാധ്യതയും കണക്കിലെടുത്ത് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽപി - യുപി ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള മതിലിൻ്റെ ഒരു ഭാഗം ഇന്ന് രാവിലെ ഏഴരയോടെ ഇടിഞ്ഞുവീണു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് ഈ സ്‌കൂളിലായിരുന്നു. അപകടസമയം കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ സ്കൂളിന്റെ സമീപത്തുള്ള മതിലിൻ്റെ ബാക്കി ഭാഗവും നിലവിൽ അപകടാവസ്ഥയിലാണ്
പത്തനംതിട്ട ജില്ലയിലെ കൂടൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് മുകളിലേക്ക് ശക്തമായ കാറ്റിൽ കൂറ്റൻ ആൽമരം കടപുഴകി വീണു. ഇന്നലെയായിരുന്നു ഈ അപകടം സംഭവിച്ചത്. ഞായറാഴ്ച സ്കൂളിന് അവധിയായിരുന്നതിനാൽ വലിയൊരു അപകടസാധ്യതയാണ് ഇവിടെ ഒഴിവായത്. മരം വീണ് സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തീരദേശ മേഖലയായ ഫോർട്ട്കൊച്ചിയിലും മഴക്കെടുതി രൂക്ഷമാണ്. ഫോർട്ട്കൊച്ചി ബീച്ചിലെ ഫുഡ് കോർട്ടിൽ പ്രവർത്തിച്ചിരുന്ന അഞ്ച് കടകൾക്ക് മുകളിലേക്ക് ഇന്ന് പുലർച്ചെയോടെ വലിയ മരം കടപുഴകി വീണു. കടകൾക്ക് കാര്യമായ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ നദീതീരങ്ങളിൽ ഉള്ളവരും മലയോര മേഖലകളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
