തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂൾ വളപ്പിലെ സമഗ്ര ശിക്ഷാ കേരളയുടെ ഓഫീസ് മുറിയാണ് തകർന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയശേഷം വൈകീട്ട് ആറുമണിയോടെയാണ് അപകടം. അതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി.
എസ്എസ്എയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് അധികൃതർ പറയുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും ഇളകി മേൽക്കൂര തകർന്ന് വീണ നിലയിലാണ്. നഗരസഭാ അധികൃതരും ഫയർഫോഴ്‌സും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്കൂൾ വളപ്പിനുള്ളിലാണെങ്കിലും സ്കൂളുമായി ബന്ധമില്ലാത്ത കെട്ടിടമാണെന്ന് നഗരസഭാ കൗൺസിലർ പറഞ്ഞു. എസ്എസ്എയുടെ ജില്ലാ പ്രൊജക്ട് ഓഫീസായ കെട്ടിടം ഏതാനും കാലമായി ദുർബലാവസ്ഥയിലായിരുന്നെന്നും കൗൺസിലർ പറഞ്ഞു. സ്‌കൂളിന് ഫിറ്റ്നെസ് നൽകുമ്പോൾ പരിശോധിച്ച് ഫിറ്റ്നസ് നൽകേണ്ട കെട്ടിടമല്ല ഇതെന്നും അധികൃതർ പറയുന്നു.
വേനലവധിക്ക് ശേഷം സംസ്ഥാന വ്യാപകമായി പ്രവേശനോത്സവമായിരുന്നു ഇന്ന്. എല്ലാ സ്കൂളുകളുടെയും ഫിറ്റ്നെസ് പരിശോധിച്ച് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. അതിനിടെയാണ് സ്‌കൂൾ വളപ്പിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.
തകർന്ന കെട്ടിടം സ്‌കൂൾ കെട്ടിടമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ കെട്ടിടമായി പ്രവർത്തിച്ചിരുന്നു. വളരെ കാലപ്പഴക്കമുള്ള കെട്ടിടമാണിത്. നിലവിൽ എസ്എസ്കെയുടെ ഓഫീസായാണ് പ്രവർത്തിക്കുന്നത്. ഫിറ്റ്നസുമായി ബന്ധപ്പെട്ട് എവിടെയാണ് വീഴ്ച പറ്റിയതെന്ന് പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകും. വിശദമായ റിപ്പോർട്ട് ഡിഡിഇയിൽ നിന്ന് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
