മതിൽ ഇടിഞ്ഞുവീണു, മരം ഒടിഞ്ഞു വീണു…. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാരും വീട്ടമ്മയും

 


കൊച്ചി: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വിവിധയിടങ്ങളിലായി വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയെത്തുടർന്ന് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും മതിലുകളും വീടിന്റെ മേൽക്കൂരകളും തകരുകയും മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്തു.


കനത്ത മഴയെ തുടർന്ന് കോട്ടയത്ത്‌ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ നിന്ന് ഒരു വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക്കാണ് വലിയ മതിൽ ഇടിഞ്ഞു വീണത്. രാവിലെ 9.30 യോടെയായിരുന്നു സംഭവം. അപകടത്തിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം പൂർണ്ണമായും തകർന്നു. മറ്റൊരു സംഭവത്തിൽ, കോട്ടയം അമ്മഞ്ചേരി നാൽപ്പാത്തി മലയിൽ കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു വീണു. ബിനോയ് മാത്യുവിന്റെ വീടാണ് തകർന്നത്. സംഭവത്തിൽ ബിനോയുടെ ഭാര്യക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.


കോഴിക്കോടും ശക്തമായ മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണു. കോഴിക്കോട് ഹൽവ ബസാറിലെ ഒരു കടയുടെ മതിലാണ് ഇടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ട് സ്കൂട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ജില്ലയില്‍ ഇന്ന് അതിശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. കാറ്റിൽ ഹൽവ ബസാറിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ഇവിടെയും ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം.


മലപ്പുറത്ത് അതിശക്തമായ മഴയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഓട്ടോറിക്ഷ തകർന്നുവെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മലപ്പുറം പുളിക്കൽ മുഴങ്ങല്ലൂരിൽ ശക്തമായ കാറ്റിൽ ഏഴോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. ഇതേത്തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജില്ലയിൽ വിവിധയിടങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. എന്നി ജില്ലകളിലാണ് റെഡ് അലേർട്ടുള്ളത്

Post a Comment

Previous Post Next Post