ബംഗളൂരു: ബംഗളൂരു കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബി.ജി.എസ്. കോളജിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കെങ്കേരിയിലെ ആർ.ആർ. ഡെന്റൽ കോളജിന് സമീപമായിരുന്നു അപകടം. മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞ് കെങ്കേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
