കോഴിക്കോട്: ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി മരണപ്പെട്ടു. തലക്കുളത്തൂർ അണ്ടിക്കോട് പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂൺ രണ്ടിനാണ് കുട്ടിയെ കടുത്ത പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് മരണപ്പെടുകയായിരുന്നു.
കുട്ടിക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ തലക്കുളത്തൂർ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനും ബോധവൽക്കരണം നടത്താനും ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
