പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അമ്മിനിക്കാട് വളാങ്കുളം തണ്ണിപ്പാറയിൽ അജ്ഞാതനായ പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പറങ്കിമാവിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലായിരുന്നു. ഏകദേശം രണ്ടാഴ്ചയിലധികം പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞ ഉയർന്ന പ്രദേശമായതിനാൽ സംഭവം നേരത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല.
വിവരമറിഞ്ഞ ഉടൻ പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മലപ്പുറം ജില്ലാ ട്രോമ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,ഷുഹൈബ് മാട്ടായ, നിസാം മാനത്ത് മംഗലം,
ജിൻഷാദ് പൂപ്പലം,കുട്ടൻ കാരുണ്യ എന്നിവർ സ്ഥലത്തെത്തിയിരുന്നു. തുടർനടപടികൾക്കായി മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. സമീപ പ്രദേശങ്ങളിലൊന്നും ആരെയും കാണാതായതായി നിലവിൽ റിപ്പോർട്ടുകളില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
