അങ്കമാലി: എറണാകുളം അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിന് മുന്നിൽ ഇന്ന് ഉച്ചയോടെ നടന്ന അപകടത്തിൽ നാല് പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ കോളേജിന്റെ മതിൽ ഇടിച്ചു തകർക്കുകയും, തുടർന്ന് തൊട്ടടുത്തായി വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും പൂർണ്ണമായും തകർന്നു. കാറുകളിലുണ്ടായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അങ്കമാലിയിലെ ഈ ഭാഗം അപകടസാധ്യതയുള്ള മേഖലയായി നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ഒരു കോളേജ് വിദ്യാർത്ഥിനി ദാരുണമായി മരിച്ച സംഭവം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇവിടെ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
