പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് ദാരുണമായി മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ് - താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) രാവിലെയായിരുന്നു സംഭവം.


രാവിലെ കുഞ്ഞിന് പാൽ നൽകിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ഗുരുതരമായ ശ്വാസതടസ്സവും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടൻ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.


ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരി മുടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.


കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ


കിടത്തിക്കൊണ്ട് പാൽ കൊടുക്കരുത്: കുഞ്ഞുങ്ങളെ പൂർണ്ണമായി കിടത്തിക്കൊണ്ട് (Flat ആയി) ഒരിക്കലും പാൽ കൊടുക്കരുത്. അമ്മയുടെ മടിയിലോ കട്ടിലിലോ കുഞ്ഞിന്റെ തലയും ശരീരത്തിന്റെ മുകൾഭാഗവും അല്പം പൊക്കിപ്പിടിച്ച് (Semi-upright position) വേണം പാൽ നൽകാൻ.


​ഉറക്കത്തിൽ പാൽ നൽകരുത്: കുഞ്ഞ് നല്ലതുപോലെ ഉറങ്ങുമ്പോൾ നിർബന്ധിച്ച് വായയിലേക്ക് പാൽ ചുരത്തി കൊടുക്കരുത്. ഇത് നേരിട്ട് ശ്വാസകോശത്തിലേക്ക് ഇറങ്ങാൻ കാരണമാകും.


​തോളിലിട്ട് തട്ടി എരട്ടുക (Burping): പാൽ കൊടുത്തു കഴിഞ്ഞയുടൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തോളിലിടുക. കുഞ്ഞിന്റെ പുറത്ത് പതുക്കെ തട്ടിക്കൊടുക്കണം. കുഞ്ഞ് ഗ്യാസ് പുറത്തുവിടുന്നത് (എരട്ടുന്നത്) വരെ ഇങ്ങനെ ചെയ്യണം. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും കുഞ്ഞിനെ തോളിൽ തന്നെ കിടത്തുന്നത് പാൽ തികട്ടി വരുന്നത് തടയും.


ഉടനെ കിടത്തരുത്: പാൽ കൊടുത്തയുടൻ കുഞ്ഞിനെ ബെഡിൽ കിടത്തരുത്. ചെറുതായി ഉറങ്ങിയാൽ പോലും അല്പസമയം തോളിൽ കിടത്തിയ ശേഷമേ കിടത്താവൂ. കിടത്തുമ്പോൾ നേരെ മലർത്തി കിടത്താതെ, അല്പം ഒരു ചരിഞ്ഞ് (Side-lock position) കിടത്തുന്നതാണ് സുരക്ഷിതം.


കുപ്പിവേഗത ശ്രദ്ധിക്കുക: കുപ്പിപ്പാലാണ് നൽകുന്നതെങ്കിൽ നിപ്പിളിന്റെ സുഷിരം വലുതല്ലെന്ന് ഉറപ്പുവരുത്തുക. സുഷിരം വലുതായാൽ പാൽ അമിതമായി വന്ന് കുഞ്ഞിന് വിഴുങ്ങാൻ പറ്റാതെ തൊണ്ടയിൽ കുടുങ്ങാം.


കരയുമ്പോൾ പാൽ കൊടുക്കരുത്: കുഞ്ഞ് ശക്തിയായി കരയുമ്പോൾ നിർബന്ധിച്ച് പാൽ കുടിപ്പിക്കാൻ ശ്രമിക്കരുത്. കരച്ചിലിനിടയിൽ ശ്വാസമെടുക്കുമ്പോൾ പാൽ ശ്വാസനാളിയിലേക്ക് പോകാൻ സാധ്യതയുണ്ട്.


പാൽ തൊണ്ടയിൽ കുടുങ്ങിയാൽ എന്ത് ചെയ്യണം? (പ്രഥമശുശ്രൂഷ)

കുഞ്ഞിനെ കമഴ്ത്തി കിടത്തുക: ഉടൻ തന്നെ കുഞ്ഞിനെ നിങ്ങളുടെ ഒരു കയ്യിൻമേൽ (Forearm) കമഴ്ത്തി കിടത്തുക. കുഞ്ഞിന്റെ തല താഴോട്ടും ശരീരം അല്പം മുകളിലോട്ടും ആയിരിക്കണം. (തലയ്ക്ക് നിങ്ങളുടെ കൈപ്പത്തി കൊണ്ട് നല്ല സപ്പോർട്ട് നൽകണം, എന്നാൽ കഴുത്തിൽ അമരരുത്).


പുറത്ത് തട്ടുക (Back Blows): നിങ്ങളുടെ മറ്റേ കൈപ്പത്തിയുടെ ഉൾഭാഗം (Heel of the hand) കൊണ്ട് കുഞ്ഞിന്റെ രണ്ട് തോളെല്ലുകൾക്ക് നടുവിലായി 5 തവണ പതുക്കെ എന്നാൽ വേഗത്തിൽ തട്ടുക.


മലർത്തി കിടത്തി അമർത്തുക (Chest Thrusts): എന്നിട്ടും ശ്വാസതടസ്സം മാറിയില്ലെങ്കിൽ കുഞ്ഞിനെ പെട്ടെന്ന് മലർത്തി കിടത്തുക (തല താഴ്ന്നുതന്നെ ഇരിക്കണം). കുഞ്ഞിന്റെ നെഞ്ചിന്റെ നടുവിലായി (മുലക്കണ്ണുകൾക്ക് തൊട്ടുതാഴെ) നിങ്ങളുടെ രണ്ട് വിരലുകൾ ഉപയോഗിച്ച് 5 തവണ അമർത്തുക.


വായിലെ അവശിഷ്ടങ്ങൾ മാറ്റുക: വായയിൽ പാൽ തികട്ടി വന്നിട്ടുണ്ടെങ്കിൽ ഒരു വൃത്തിയുള്ള തുണി കൊണ്ടോ വിരൽ കൊണ്ടോ അത് പതുക്കെ തുടച്ചുമാറ്റുക. (ഒരിക്കലും വിരൽ തൊണ്ടയ്ക്കുള്ളിലേക്ക് ഇറക്കരുത്).


എത്രയും പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക.


"കരുതലോടെ"

Accident Rescue 24×7

Helping & Reporting Team



Post a Comment

Previous Post Next Post