കോഴിക്കോട്: കുറ്റ്യാടിയിൽ തുണി നനയ്ക്കുന്നതിനിടെ അമ്മയും അഞ്ചു വയസ്സുകാരനായ മകൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരണമടഞ്ഞു. കുറ്റ്യാടി കൈവേലി സ്വദേശിയായ തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മകനായി പുഴയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്.
ഇന്ന് വൈകുന്നേരത്തോടെ കുറ്റ്യാടി പേരാമ്പ്ര പാലേരി ഭാഗത്തെ പുഴയിലാണ് അപകടം സംഭവിച്ചത്. തുണി അലക്കാനായി പുഴക്കരയിൽ എത്തിയതായിരുന്നു അമ്മയും മകളും. ഇതിനിടെ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രമ്യയും കാൽവഴുതി ഒഴുക്കിൽപ്പെടുന്നത്.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രമ്യയെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാണാതായ അഞ്ചു വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ പുഴയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
അധികൃതരുടെ നിർദ്ദേശം: നിലവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പുഴകളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ കർശനമായി ഇത് പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
