കൊളുക്കുമലയിൽ കൊക്കയിലേക്ക് ചാടിയ ചെന്നൈ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



റിപ്പോർട്ട്:അജിംസ് K.B


മൂന്നാർ: കൊളുക്കുമലയിൽ വച്ച് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രവിനേഷ് (25) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 400 അടിയോളം താഴ്ചയിൽ നിന്നാണ് മൂന്നാർ ഫയർഫോഴ്സ് സംഘം മൃതദേഹം കണ്ടെടുത്തത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.


ബന്ധുക്കൾക്കൊപ്പം കൊളുക്കുമലയിൽ സൂര്യോദയം കാണാനായി ട്രക്കിങ് ജീപ്പിൽ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവർ നോക്കിനിൽക്കെ പെട്ടെന്ന് ഓടിമാറി യുവാവ് കൊക്കയിലേക്ക് ചാടുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. തമിഴ്‌നാടിന്റെ പരിധിയിലുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.


അപകടവിവരമറിഞ്ഞ് മൂന്നാർ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കുത്തനെയുള്ള ഇറക്കവും അതീവ അപകടഭീഷണിയുള്ള താഴ്ചയും കാരണം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടെത്തിയത്.


മണിക്കൂറുകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ, വടം കെട്ടി 400 അടിയോളം താഴേക്ക് ഇറങ്ങിയാണ് ഫയർഫോഴ്സ് സംഘം മൃതദേഹം മുകളിലെത്തിച്ചത്. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post