മൊബൈൽ ഫോൺ നൽകിയില്ല….. കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി



തിരുവനന്തപുരം: കാട്ടാക്കടയിൽ മൊബൈൽ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് (15) ആണ് മരിച്ചത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ വിദ്യാർത്ഥിയാണ്.


കഴിഞ്ഞ ദിവസം വൈകാശ് പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. കുട്ടി പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും അധ്യാപകർ രക്ഷിതാക്കളോട് നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ വൈകാശ് അമ്മയോട് മൊബൈൽ ഫോൺ ചോദിച്ചെങ്കിലും നൽകാൻ തയ്യാറായില്ല. തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെന്ററിലെയും കാര്യങ്ങൾ പറഞ്ഞ് കുട്ടിയെ ഉപദേശിച്ചു. അച്ഛനും ഫോൺ നൽകാൻ വിസമ്മതിച്ചതോടെ വൈകാശ് പിണങ്ങി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു.


രാത്രി 9.30ഓടെയാണ് വൈകാശ് മുറിയിൽ കയറി വാതിലടച്ചത്. തുടർന്ന് 10.45 ആയിട്ടും കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ വാതിലിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ജനലിലൂടെ നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസികളെത്തി മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് വൈകാശിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

Previous Post Next Post