ചാലക്കുടി: തൃശ്ശൂർ ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത്ത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്.
നാല് മാസം മുൻപാണ് ഇവർ പോട്ട വാഴക്കുന്നിലെ ഒരു വീട്ടിലെ ഔട്ട് ഹൗസിൽ താമസത്തിനെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ദമ്പതികളെ പുറത്തുകണ്ടിരുന്നില്ല. സംശയം തോന്നിയതിനെത്തുടർന്ന് വീട്ടുടമസ്ഥൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചാലക്കുടി പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുട്ടുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ചാലക്കുടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
