കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

 


കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കായ്ക്കര സ്വദേശി ബഷീർ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് വരികയായിരുന്ന ബഷീറിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് തെറിച്ചുവീണ ബഷീറിന് സംഭവസ്ഥലത്ത് വെച്ച് തന്നെ ജീവൻ നഷ്ടമായി. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി ഉപജീവനം നടത്തിയിരുന്നയാളായിരുന്നു ബഷീർ. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്.


എംഎൽഎ അജയപ്രസാദ്, എസ്. ജയമോഹൻ എന്നിവരടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ച ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് എംഎൽഎ അറിയിച്ചു. പ്രദേശത്ത് വന്യമൃഗ ആക്രമണം തടയുന്നതിനുള്ള ലഘൂകരണ നടപടികൾ തുടരുകയാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. അതേസമയം, വന്യമൃഗ ആക്രമണങ്ങൾ ആവർത്തിച്ചിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് അധികൃതർ ഇടപെട്ട് നാട്ടുകാരെ അനുനയിപ്പിച്ചു. ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎയും ഡി.എഫ്.ഒയും ഉറപ്പ് നൽകി

Post a Comment

Previous Post Next Post