റോഡിലേക്ക് മണ്ണിടിഞ്ഞു. മലപ്പുറത്ത് 6 മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു



മലപ്പുറം : കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് മലപ്പുറം - തിരൂർ റൂട്ടിൽ ആറുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 

 

ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് മലപ്പുറം - തിരൂർ റോഡിൽ വെസ്റ്റ്‌ കോഡൂരിനടുത്ത് വടക്കേമണ്ണയിൽ റോഡരികിലെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. വിവരമറിഞ്ഞ മലപ്പുറം അഗ്നിരക്ഷാസേനയും പോലീസും റവന്യൂ അധികാരികളും സ്ഥലത്തെത്തി. 25 അടിയോളം ഉയരത്തിലുള്ള മണ്ണും മരങ്ങളും റോഡിലേക്ക് വീണ് റോഡ് പൂർണമായും അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണ്മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. റോഡിലേക്ക് വീഴാറായ നാലോളം മരങ്ങൾ വെട്ടിമാറ്റി പൂർണമായും അപകട സാധ്യത ഒഴിവാക്കി. മണ്ണെടുക്കുന്നതിനിടെ തുടർ മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക ഉയർത്തിയെങ്കിലും  മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് പൂർണമായും നീക്കം ചെയ്ത് രാവിലെ പത്തരയോടെ റോഡ് ഗതാഗത യോഗ്യമാക്കി. 

      മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം അഗ്നിരക്ഷാ സേനയും മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ കെ. ഹരീഷ് , കോഡൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി ഷാജി, മെമ്പർമാരായ നീലൻ കോഡൂർ, ഫാസിൽ കരീം, വില്ലേജ് ഓഫീസർ ടി പി പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഈ സമയം മലപ്പുറം -തിരൂർ റൂട്ടിലെ വാഹനങ്ങളെ ചെമ്മങ്കടവ് വഴി തിരിച്ചുവിടുകയായിരുന്നു.

Post a Comment

Previous Post Next Post