കോട്ടയം: വാകത്താനത്ത് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു. വാകത്താനം ചക്കൻചിറ പേരുക്കുന്നേൽ (ഇന്ദിരാനഗർ, വാർഡ് - 05) കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജുവാണ് (11) മരിച്ചത്.
വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്കിനായി എടുത്ത കുഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. സഹോദരിയോടൊപ്പം വെള്ളത്തിന് സമീപത്തുണ്ടായിരുന്ന കുട്ടി അബദ്ധത്തിൽ കാൽവഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടയിലുണ്ടായ ഈ ദാരുണ സംഭവം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
