ഹരിപ്പാട് : കുമാരപുരത്ത് ശക്തമായ കാറ്റിലും മഴയിലും മരം വീടിനുമുകളിലേക്ക് കടപുഴകിവീണു. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനുമുകളിലേക്കാണ് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരം വീണത്. അപകടത്തിൽ വീടിന് മുകളിലെ റൂഫിങ് ഷീറ്റുകൾ പൂർണമായും തകർന്നു.
മരം വീഴുന്ന വലിയ ശബ്ദം കേട്ട് മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മയും മകളും ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയോടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് സമീപത്തെ വൈദ്യുത കമ്പികളിലേക്കും മരം പതിച്ച് ലൈനുകൾ പൊട്ടിവീണിട്ടുണ്ട്. വിവരമറിഞ്ഞ് റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.