എറണാകുളം കാഞ്ഞിരമറ്റം: ചാലക്കപ്പാറയിൽ രാവിലെ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാഞ്ഞിരമറ്റം തറയിൽ ഹൗസിൽ സി.എസ്. ഉഷ (61) ആണ് മരിച്ചത്.
കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യാത്ര ചെയ്തിരുന്ന ബസിൽ നിന്ന് ചാലക്കപ്പാറയിൽ ഇറങ്ങിയ ഉഷ, ബസിന്റെ മുൻവശത്തുകൂടി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ബസ് മുന്നോട്ട് എടുത്തതിനെത്തുടർന്ന് മുൻചക്രം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർന്നുള്ള നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു…
