കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങവേ ഉണ്ടായ വാഹനാപകടത്തിൽ 19-കാരന് ദാരുണാന്ത്യം. വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് (19) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 7.30-ഓടെ പരിയാരം അമ്മാനപ്പാറ ചുടല-മാതമംഗലം റോഡിലെ മുടിക്കാനം ജങ്ഷനിലാണ് അപകടം നടന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയെ കണ്ടശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു അഭിനവ്.
മുന്നിൽ സഞ്ചരിക്കുകയായിരുന്ന ചെങ്കൽ ലോറിയിൽ ബൈക്ക് ഇടിച്ച് തെറിച്ചുവീണ അഭിനവിന്റെ ശരീരത്തിലൂടെ എതിർദിശയിൽ വന്ന മണൽ ലോറി കയറിയിറങ്ങുകയായിരുന്നു. ഇതേത്തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
