അട്ടപ്പാടി: കുടുംബത്തോടൊപ്പം അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസയുടെ ഭാര്യ ബുഷറ (52) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ചയായിരുന്നു ദാരുണമായ സംഭവം. കുടുംബാംഗങ്ങൾ ഉൾപ്പെടെ നാൽപ്പതോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ബുഷറ അട്ടപ്പാടിയിൽ എത്തിയത്. പുഴയോരത്ത് നിൽക്കുന്നതിനിടെ തേക്കുവട്ട ഭാഗത്തുനിന്ന് കാട്ടാന ഇറങ്ങി വരുന്നത് ശ്രദ്ധയിൽപ്പെട്ട വനപാലകർ ഇവർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
എന്നാൽ, നിർദേശം ലഭിച്ചതിന് പിന്നാലെ ഓടിയെത്തിയ കാട്ടാന ബുഷറയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
