ചങ്ങരംകുളത്ത് കാറിന്റെ അപകടപരമ്പര: ഓടിച്ചിരുന്നയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു



 മലപ്പുറം : നിയന്ത്രണം വിട്ട കാർ ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു കയറി ചങ്ങരംകുളത്ത് അപകടപരമ്പര. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സൺറൈസ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്ന് തടഞ്ഞുനിർത്തി യാത്രികരെ പോലീസിനു കൈമാറി.


പുത്തനത്താണി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബെലോന കാറാണ് അപകടത്തിന് കാരണമായത്. അമിതവേഗതയിലെത്തിയ വാഹനം എതിരേ വന്ന ഓഡി കാറിൽ ശക്തമായി ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പള്ളിക്കര റോഡിലേക്ക് ഓടിച്ചുപോവാൻ ശ്രമിച്ച കാറിനെ നാട്ടുകാർ തടയാൻ ശ്രമിച്ചു. തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എതിരെ വന്ന വാഗൺആർ കാറിലും ബെലോന ഇടിച്ചു.


രണ്ടാം അപകടത്തിന്റെ ആഘാതത്തിൽ ബെലോന കാറിന്റെ ടയർ പൊട്ടി മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലായി. ഇതോടെയാണ് നാട്ടുകാർ കാറിലുണ്ടായിരുന്ന യുവാക്കളെ തടഞ്ഞുവെച്ചത്.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് കാർ ഓടിച്ചയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകാൻ വിശദമായ മെഡിക്കൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.


അപകടത്തിൽ ഓഡി കാറിലുണ്ടായിരുന്ന ഒരു വീട്ടമ്മയ്ക്ക് നിസാര പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.


വീഡിയോ 👇



Post a Comment

Previous Post Next Post