കോവളം തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി



​തിരുവനന്തപുരം: കോവളം തീരത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെ കടലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'സെന്റ് ആന്റണി' എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളായ ഇമ്മാനുവേൽ, നേപ്പാൾ സ്വദേശി ലളിത് പ്രസാദ് എന്നിവരെ കോസ്റ്റൽ പൊലീസും വാർഡന്മാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇരുവരെയും നിസ്സാര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

​വ്യാഴാഴ്ച പുലർച്ചെ 3:30-ഓടെയാണ് അപകടവിവരം പുറത്തറിയുന്നത്. കടലിൽ തീ പടരുന്നത് കണ്ട മറ്റ് മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കോസ്റ്റൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ പൊലീസും വാർഡന്മാരും സംഘടിച്ച് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

​തീ ആളിക്കത്തിയതിനെ തുടർന്ന് ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. ബോട്ടിന്റെ എൻജിനിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ നൽകുന്ന പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Post a Comment

Previous Post Next Post