കണ്ണൂർ: ദേശീയപാതയിൽ കണ്ണോത്തുംചാലിന് സമീപം മദ്യലഹരിയിൽ സബ് ഇൻസ്പെക്ടർ (എസ്.ഐ) ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്‌ഐ രജിത്താണ് അപകടമുണ്ടാക്കിയത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹോസ്റ്റൽ മാനേജ്മെന്റ് വിദ്യാർത്ഥിനി സ്വാതി, രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് പരുക്കേറ്റത്.
അമിതവേഗതയിലെത്തിയ കാർ ആദ്യം ഇതരസംസ്ഥാന തൊഴിലാളികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷവും വാഹനം നിർത്താതെ മുന്നോട്ടുപോയ കാർ തുടർന്ന് സ്വാതിയെയും ഇടിക്കുകയായിരുന്നു.
അപകടം കണ്ടുനിന്ന നാട്ടുകാർ പിന്തുടർന്നാണ് എസ്‌ഐയെ തടഞ്ഞുവെച്ച് പിടികൂടിയത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം കടുത്ത മദ്യലഹരിയിലായിരുന്നു ഇയാളെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് എസ്‌ഐ രജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾക്ക് എതിരെ മുൻപും സമാന രീതിയിലുള്ള പരാതികൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് തല പരിശോധനയിൽ വ്യക്തമായി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
